സംസ്ഥാനത്ത് ആദ്യമായി ജൻറാം എസി ലോ ഫ്ലോർ ബസുകൾ പൊളിക്കുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് തീരുമാനം. തേവരയിൽ രണ്ട് വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണം പൊളിക്കാനാണ് തീരുമാനം.
2018 മുതൽ 28 ലോ ഫ്ളോർ എസി ബസുകളാണ് തേവരയിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ 10 എണ്ണം ഹൈക്കോടതി നിർദ്ദേശപ്രകാരം റദ്ദാക്കും. ബാക്കി 18 എണ്ണം വീണ്ടും ഉപയോഗിക്കും. സ്ക്രാപ്പ് ചെയ്യാൻ തീരുമാനിച്ച ബസുകൾക്ക് ഏകദേശം 11 വർഷം പഴക്കമുണ്ട്. ലോ ഫ്ലോർ ബസുകളുടെ കാലാവധി 11 വർഷമാണ്.
എന്തിനാണ് ഇത്തരം ബസുകൾ കൂട്ടിയിട്ടിരിക്കുന്നതെന്നും എന്തുകൊണ്ട് വിൽക്കുന്നില്ലെന്നും ഹൈക്കോടതി കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനോട് ചോദിച്ചിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ ഒരു കമ്മിറ്റിയെ നിയോഗിക്കുകയും 28 ബസുകൾ എന്തുചെയ്യണമെന്നതിനെക്കുറിച്ച് പഠനം നടത്തുകയും ചെയ്തു. ഇതിൻറെ അടിസ്ഥാനത്തിൽ 10 ബസുകൾ റദ്ദാക്കാനും ബാക്കിയുള്ള 18 ബസുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനും തീരുമാനിച്ചു.