ഒമിക്രോൺ ബിഎ 4 വകഭേദം തമിഴ്നാട്ടിലും കണ്ടെത്തി. രാജ്യത്ത് സ്ഥിരീകരിച്ച രണ്ടാമത്തെ കേസ് തമിഴ്നാട്ടിലെ ചെങ്കൽപേട്ട് സ്വദേശിക്കാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ 4 ഇന്നലെയാണ് രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. മെയ് 9നു ദക്ഷിണാഫ്രിക്കയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരാൾക്ക് ഒമിക്രോൺ സബ്ടൈപ്പായ ബിഎ 4 ഉണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇൻസാകോഗ് നടത്തിയ ജീനോം പരിശോധനയിലാണ് ഈ മ്യൂട്ടേഷൻ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം, രാജ്യത്ത് ഇന്ന് 2,323 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. 25 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്.