ഐപിഎൽ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ (ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടാം. തോറ്റ ടീമിന് ക്വാളിഫയർ രണ്ടിൽ ഒരു അവസരം കൂടി ലഭിക്കും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ രാത്രി 7.30നാണ് മത്സരം.
ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ സീസണാണിത്. 14 മത്സരങ്ങളിൽ 10ലും ഗുജറാത്ത് ജയിച്ചു. ഈ വിജയത്തോടെ 20 പോയിൻറുമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി ഹാർദിക്കിന്റെ ടീം മാറി. കഴിഞ്ഞ തവണ ഗുജറാത്ത് രാജസ്ഥാനെ നേരിട്ടപ്പോൾ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഒരു മാച്ച് വിന്നിങ് ഇന്നിങ്സാണ് കളിച്ചത്. പുറത്താകാതെ 87 റണ്സെടുത്ത പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി.
ലോക്കി ഫെർഗൂസൻ, മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരടങ്ങുന്ന അപകടകാരിയായ ബൗളിംഗ് യൂണിറ്റും വിശ്വസനീയമായ മധ്യനിരയും ഫൈനലിൽ രാജസ്ഥാനു ഭീഷണിയായേക്കും. എന്നാൽ ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃദ്ധിമാൻ സാഹയുടെ പരിക്ക് ടൈറ്റൻസിനെ ക്വാളിഫയർ 1ൻ മുന്നോടിയായി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ ജിടിക്ക് വേണ്ടി സാഹ വിക്കറ്റ് വീഴ്ത്തിയിരുന്നില്ല.