ൻയൂഡൽഹി: 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ബെഞ്ച് വേണമെന്ന ഹർജി സുപ്രീം കോടതി തള്ളി. എല്ലായിടത്തും ബെഞ്ചുകൾ അനുവദിച്ചാൽ, ജഡ്ജിമാരും ട്രൈബ്യൂണലിലെ മറ്റ് അംഗങ്ങളും ജോലിയില്ലാതെ വെറുതെ ഇരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം മാർച്ചിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ ദേശീയ ഹരിത ട്രൈബ്യൂണലിൻറെ വിവിധ ബെഞ്ചുകൾ 2,799 കേസുകൾ തീർപ്പാക്കി. പരിഗണനയിലുള്ള കേസുകളുടെ എണ്ണം 2237 മാത്രമാണ്. കേസുകൾ വലിയ തോതിൽ കെട്ടിക്കിടക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ബെഞ്ചുകൾ വേണമെന്ന ആവശ്യം നീതീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.