കര, നാവിക, വ്യോമ സേനകളിൽ നാലു വർഷത്തേക്ക് ഹ്രസ്വകാല റിക്രൂട്ട്മെന്റ് നൽകുന്ന ‘ടൂർ ഓഫ് ഡ്യൂട്ടി’ പദ്ധതി ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. സൈന്യത്തിനു യുവാക്കളുടെ മുഖം നൽകുക, ശമ്പളത്തിന്റെയും പെൻഷൻ ഇനങ്ങളുടെയും ചെലവ് കുറയ്ക്കുക, സേനയുടെ ആധുനികവൽക്കരണത്തിനായി ആ തുക ഉപയോഗിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
രണ്ട് വർഷം മുമ്പ്, മൂന്ന് വർഷത്തേക്ക് പരിമിതമായ എണ്ണം ഉദ്യോഗസ്ഥരെയും ജവാൻമാരെയും നിയമിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജവാൻമാരെ മാത്രം റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി അംഗീകാരത്തിന്റെ അവസാന ഘട്ടത്തിലാണ്. നാലു വർഷത്തിനു ശേഷം അവരെ ഒഴിവാക്കും, പക്ഷേ മികവ് പുലർത്തുന്നവർക്ക് സ്ഥിരം നിയമനം നേടാം. ഇത് ഒരു നിശ്ചിത ശതമാനമായി നിശ്ചയിച്ചിട്ടില്ല. അടുത്ത നാലു വർഷത്തേക്ക് സൈന്യത്തിൽ സ്ഥിരനിയമനം ഉണ്ടാകില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്മെന്റ് റാലികളൊന്നും നടന്നിട്ടില്ല.
കരസേനയുടെ ഒരു ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ശരാശരി പ്രായം ഇപ്പോൾ 35-36 വയസ്സാണ്. ഇത് നാലോ അഞ്ചോ വർഷത്തിനുള്ളിൽ 25-26 വർഷമായി കുറയും. ഓരോ വർഷവും ശരാശരി 60,000 പേരാണ് നോണ്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരായും ജവാൻമാരായും സൈന്യത്തിൽ നിന്ന് വിരമിക്കുന്നത്. 35-37 വയസ്സിൽ വിരമിക്കുന്ന ഇവർക്ക് ദീർഘകാല പെൻഷൻ നൽകുന്നു. ഈ പെൻഷന്റെ ഭാരം ഉദ്യോഗസ്ഥരുടേതിനേക്കാൾ വളരെ കൂടുതലാണ്.