ഫിഫ ഇന്ത്യയെ വിലക്കിയേക്കുമെന്നാണ് സൂചന. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പ്രഫുൽ പട്ടേലിനെ എഐഎഫ്എഫ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ഫെഡറേഷനെ നയിക്കാൻ ഒരു ഗവേണിംഗ് ബോഡിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഫുട്ബോൾ അസോസിയേഷനിൽ ഭരണകൂടം ഇടപെടുന്നത് ഫിഫ നിയമങ്ങൾക്ക് എതിരാണ്.
നേരത്തെ സ്പെയിൻ, നൈജീരിയ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ ഫിഫ ഈ രാജ്യങ്ങളെ വിലക്കിയിരുന്നുവെന്ന് പട്ടേൽ പറഞ്ഞു. ഈ ആഴ്ചയോടെ ഫിഫ ഇന്ത്യയെ വിലക്കുമോ ഇല്ലയോ എന്ന് അറിയാനാകും. ഫിഫ ഇന്ത്യയ്ക്ക് ഇളവ് നൽകുമോ എന്നറിയില്ല. എ.ഐ.എഫ്.എഫിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താൻ രണ്ട് മാസത്തെ സമയമാണ് ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2008ലാണ് പ്രഫുൽ പട്ടേൽ എഐഎഫ്എഫ് തലവനായി ചുമതലയേറ്റത്. 2020 ഡിസംബറിൽ കാലാവധി അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പ് നടത്താതെ പട്ടേൽ തലപ്പത്ത് തുടർന്നു. ദേശീയ സ്പോർട്സ് റൂൾസ് പ്രകാരം പരമാവധി കാലാവധി 12 വർഷമാണ്. എന്നാൽ, ഈ സ്ഥാനത്ത് തുടരുന്നതിനെതിരെ ഡൽഹി ഫുട്ബോൾ ക്ലബ് അപ്പീൽ നൽകി. ഇതിൻ പിന്നാലെയാണ് സുപ്രീം കോടതി ഇടപെട്ടത്.