ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം മെയ് 31നു ഇന്ത്യയിൽ നിന്ന് തീർത്ഥാടകരുമായി പുറപ്പെടുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 79,362 തീർത്ഥാടകർക്ക് ഹജ്ജിനു അനുമതി നൽകിയിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. 56,601 ഹജ്ജ് തീർത്ഥാടകർ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വരും. ബാക്കിയുള്ളവ സ്വകാര്യ ഗ്രൂപ്പ് വഴി എത്തും. തീർത്ഥാടകരിൽ പകുതിയോളം സ്ത്രീകളാണ്. 1850 സ്ത്രീകളും മഹാറം ഇല്ലാതെ ഹജ്ജിൽ പങ്കെടുക്കും.
10 എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഇന്ത്യയിൽ നിന്ന് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് തീർത്ഥാടകർ പുറപ്പെടുക. കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ഹാജിമാരും കൊച്ചിയിൽ നിന്ന് പുറപ്പെടും. കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള എല്ലാ ഹജ്ജ് തീർത്ഥാടകരും കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. അതേസമയം കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് സ്വകാര്യ സംഘത്തിലെ മലയാളി ഹാജിമാർ പുറപ്പെടും.
സൗദി അറേബ്യൻ എയർലൈൻസ്, സ്പൈസ് ജെറ്റ്, ഫ്ളൈനാസ് തുടങ്ങിയ വിമാനങ്ങൾ ഇന്ത്യൻ തീർത്ഥാടകർ ഉപയോഗിക്കും. ഹജ്ജ് കർമ്മങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ദിവസം ചെലവഴിക്കുന്ന മക്കയിലെ അസീസിയയിലാണ് ഇന്ത്യൻ തീർത്ഥാടകരെ പാർപ്പിക്കുക. അസീസിയയിൽ നിന്ന് മസ്ജിദുൽ ഹറമിലേക്ക് ബസ് സൗകര്യമുണ്ടാകും. ഇന്ത്യൻ തീർഥാടകരുടെ ഒരുക്കങ്ങൾ അവലോകനം ചെയ്യാനാണ് അബ്ദുള്ളക്കുട്ടി ജിദ്ദയിലെത്തിയത്.