പാംഗോങ് തടാകത്തിന്റെ തീരത്ത് മറ്റൊരു പാലം നിർമ്മിച്ച് ചൈന. കിഴക്കൻ ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ മറുവശത്ത് സൈനികരുടെയും വാഹനങ്ങളുടെയും നീക്കത്തിനായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി രണ്ടാമത്തെ പാലം നിർമ്മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
പുതിയ പാലത്തിന്റെ നിർമ്മാണത്തോടെ ചൈനയ്ക്ക് ഫിംഗർ 8 പ്രദേശത്ത് നേരിട്ട് എത്താൻ കഴിയും. ഈ ഭാഗം ഇന്ത്യ-ചൈന അതിർത്തിയിലെ ഒരു ബഫർ സോണാണ്. തർക്കത്തെ തുടർന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാൻ സമ്മതിച്ച സ്ഥലമാണിത്.
കിഴക്കൻ ലഡാക്കിലേക്ക് ചൈന നുഴഞ്ഞുകയറിയതിനെ തുടർന്ന് 2020 മേയിൽ ആരംഭിച്ച സംഘർഷത്തിൻ ഇതുവരെ അന്തിമ പരിഹാരം കണ്ടെത്താനായിട്ടില്ല. തർക്കം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം. ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു.