Spread the love

അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും ജാതീയമായ പാർട്ടി കോണ്ഗ്രസാണെന്ന് ആരോപിച്ച് പാർട്ടി വിട്ട കോണ്ഗ്രസ് നേതാവ് ഹാർദിക് പട്ടേൽ. ധാരാളം അഴിമതിയും ജാതീയതയും പേറുന്ന പാർട്ടിയാണ് കോണ്ഗ്രസ്. ഗുജറാത്തിലെ ദാഹോദിൽ രാഹുൽ ഗാന്ധിയുടെ ആദിവാസി സത്യാഗ്രഹ റാലിയിൽ 25,000 പേരാണ് പങ്കെടുത്തത്. പിന്നീട്, റാലിയുടെ ചെലവുകൾക്കുള്ള ബിൽ വന്നപ്പോൾ അത് 75,000 ആയിരുന്നു. അഴിമതിയുടെ കാര്യത്തിൽ കോണ്ഗ്രസിൻറെ മാനദണ്ഡമാണിതെന്ന് ഹർദിക് പട്ടേൽ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൻ മുമ്പ് താൻ ബിജെപിയിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച ഹർദിക്, ഈ ഘട്ടത്തിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് അറിയിച്ച് സോണിയാ ഗാന്ധിക്ക് അയച്ച കത്തിലും ഹാർദിക് കോണ്ഗ്രസിനെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻറെ നടപടികളെ മാത്രമാണ് കോൺഗ്രസ് എതിർക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം.

സംസ്ഥാന കോണ്ഗ്രസ് ഘടകത്തിൻറെ ഒരു യോഗത്തിനും തന്നെ ക്ഷണിച്ചിട്ടില്ലെന്നും രണ്ട് വർഷമായി ഒരു തരത്തിലുള്ള ഉത്തരവാദിത്തങ്ങളും ഏൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻറെ സ്ഥാനം കടലാസിൽ മാത്രമായിരുന്നു. വന്ധ്യംകരിക്കപ്പെട്ട നവദമ്പതികളുടെ അവസ്ഥയ്ക്ക് സമാനമാണ് കോണ്ഗ്രസിലെ തൻറെ അവസ്ഥയെന്ന് ഹാർദിക് പട്ടേൽ പറഞ്ഞു.

By

Leave a Reply

Your email address will not be published. Required fields are marked *