ചക്കയും ജൈവ പച്ചക്കറികളും വാഴക്കുലയും; ഡോ. ജോ ജോസഫിനു വേറിട്ട സ്വീകരണം

മാലകളും പൂക്കളും മെയിൻ ഐറ്റം. അതിനൊപ്പം ചക്കയും ജൈവ പച്ചക്കറികളും വാഴക്കുലയും. തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനു മണ്ഡലത്തിൽ ലഭിച്ച സ്വീകരണം വൈവിധ്യമുള്ളതായി. മുണ്ടംപാലത്തു നിന്നു തുറന്ന വാഹനത്തിൽ ഡോ. ജോസഫ് പര്യടനം ആരംഭിച്ചു.

കടൽക്ഷോഭം; കടലാക്രമണ ഭീതിയിൽ തീരങ്ങൾ

കടൽക്ഷോഭം ശക്തമായാൽ വെളിയങ്കോട്ടെയും പാലപ്പെട്ടിയിലെയും തീരങ്ങളിൽനിന്ന് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മഴയും കാറ്റും കുറഞ്ഞെങ്കിലും കടൽക്ഷോഭമാണ് തീരദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. വേലിയേറ്റ സമയത്ത് തീരത്തേക്ക് കടൽ കയറുന്നതുമൂലം വീടുകൾ വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ട്.

പെട്രോള്‍ സ്‌റ്റോക്കുള്ളത് ഒരു ദിവസത്തേക്ക് മാത്രം; ജനങ്ങളോട് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ട് ശ്രീലങ്ക

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ ജനത തനിക്കൊപ്പം നിൽക്കണമെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അഭ്യർത്ഥിച്ചു. പെട്രോൾ സ്റ്റോക്ക് ഒരു ദിവസത്തേക്ക് മാത്രമാണെന്നും ക്ഷാമം പരിഹരിച്ചില്ലെങ്കിൽ പവർകട്ട് പ്രതിദിനം 15 മണിക്കൂർ ആകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് രാത്രികാല സ്പെഷ്യൽ ക്ലാസ്: ‘തെളിമ’ പദ്ധതിയുമായി സർക്കാർ

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഓഫ് ലൈൻ, ഓൺലൈൻ സംവിധാനങ്ങളിലുണ്ടായ പഠന വിടവ് നികത്താൻ രാത്രികാല സ്പെഷ്യൽ ക്ലാസ്. ഹയർ സെക്കൻഡറിയുടെ ‘‘തെളിമ’ പദ്ധതി പ്രകാരം സംസ്ഥാനത്തുടനീളം പ്രത്യേക പരിഗണനയുള്ള പ്രദേശങ്ങളിൽ പ്രത്യേക ക്ലാസുകൾ ആരംഭിക്കും. രാത്രികാല ക്ലാസുകൾക്കായി അധ്യാപകർ അധികജോലികൾ ചെയ്യും.

പുതിയ അധ്യയന വർഷം; നാളെ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം

സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം നാളെ ചേരും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

“സിൽവർ ലൈൻ കല്ലിടൽ നിർത്താനുള്ള തീരുമാനം ജനങ്ങളുടെ വിജയം”

സിൽവർ ലൈൻ കല്ലിടൽ നിർത്താനുള്ള തീരുമാനം ജനങ്ങളുടെ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കല്ലിടൽ മൂലമുണ്ടായ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടവേളയാണെങ്കിൽ പ്രതികരിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

കെ-റെയിൽ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി

സിൽവർ ലൈനിൻറെ കല്ലിടൽ നിർത്തിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തർക്കമില്ലാത്ത പ്രദേശങ്ങളിൽ കല്ലിടൽ തുടരുമെന്നും, സർവേ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനാണ് ജിയോ-ടാഗിംഗ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾക്ക് അംഗീകാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.

കെ.വി.ശശികുമാറിനെതിരെ 4 കേസുകൾ കൂടി

സിപിഎം മുൻ നഗരസഭാംഗവും മുൻ അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. ലൈംഗികമായി പീഡിപ്പിച്ചെന്ന പൂർവവിദ്യാർഥികളുടെ പരാതിയിൽ പോക്സോ കേസ് ഉൾപ്പെടെ നാല് പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശശികുമാറിനെതിരെ 50 ലധികം പരാതികളാണ് ഉയർന്നത്.

വിമാന ഇന്ധന വില റെക്കോർഡ് വർദ്ധനവിൽ; ടിക്കറ്റ് നിരക്ക് കൂടും

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഫ്യുയെലിന്റ് വില അഞ്ച് ശതമാനം വർധിപ്പിച്ചു.  ഇതോടെ രാജ്യതലസ്ഥാനത്ത് എടിഎഫിൻറെ വില കിലോലിറ്ററിന് 1.23 ലക്ഷം രൂപയായി. വ്യോമയാന ടർബൈൻ ഇന്ധന വിലയിൽ തുടർച്ചയായ ഒൻപതാമത്തെ വർദ്ധനവാണിത്.

വിജയ് ബാബുവിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്ന് പോലീസ്. എന്നാൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം നടപടിയുണ്ടാകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ വി.യു കുര്യാക്കോസ് പറഞ്ഞു. ഒളിവിൽ പോയ വിജയ് ബാബു ഇപ്പോഴും വിദേശത്താണ്.